ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ വിമാനക്കമ്പനികൾ ചെലവ് ചുരുക്കൽ നടപടികൾ ആരംഭിക്കേണ്ടിവരുമെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ഇന്ധന വിലയിലെ വർധനവ് മൂലമാണിതെന്നും റാം മോഹൻ നായിഡു പറഞ്ഞു.
ഏവിയേഷൻ ടർബൈൻ ഇന്ധനം അഥവാ എടിഎഫിന്റെ വില എല്ലാ മാസവും ഒന്നാം തീയതിയാണ് നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിലിന്റെ വിലയിലെ വർധനവ് എടിഎഫിന്റെ വിലയിലും പ്രതിഫലിക്കും.
ഇതോടെ ഏപ്രിൽ ഒന്നിന് എടിഎഫിന്റെ വിലയും വർധിച്ചേക്കും. സാധാരണയായി ഒരു എയർലൈനിന്റെ പ്രവർത്തന ചെലവിന്റെ 35 മുതൽ 45 ശതമാനം വരെയാണ് എടിഎഫിന് ആയി ചെലവാകുന്നത്. എടിഎഫിന് വില വർധിക്കുന്നതോടെ ടിക്കറ്റ് നിരക്കിലും വർധനവുണ്ടാകും.
വർധിച്ചുവരുന്ന ഇന്ധനച്ചെലവ് നിയന്ത്രിക്കുന്നതിനായി പ്രധാന ആഭ്യന്തര വിമാനക്കമ്പനികൾ ഇതിനകം തന്നെ ഇന്ധന സർചാർജുകൾ ഏർപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ആഭ്യന്തര ടിക്കറ്റുകൾക്ക് 399 രൂപ സർചാർജ് ചേർത്തിട്ടുണ്ട്.